Thursday, October 8, 2009

എന്റെ തലക്ക്‌ പ്‌രാന്താകുന്നു

എന്റെ തലക്ക്‌ പ്‌രാന്താകുന്നു

അല്ലെങ്കില്‍ പിന്നെ എന്തിനാണ്‌
കൊടും പാതിരക്ക്‌
മാവൂര്‍ റോഡിലൂടെ
നിലാവു കൊണ്ട്‌ നടക്കുമ്പോള്‍
വെറുതെ ചിരിക്കുന്നത്‌; കരയുന്നത്‌...

എന്തിനാണാവോ
ഓഫ്‌ ഡേ വൈകുന്നേരങ്ങളില്‍
ബീച്ചില്‍ പോകുമ്പോള്‍
നായകള്‍ വന്ന്‌
എന്റെ മുഖത്തു നോക്കി മാത്രം
കുരയ്‌ക്കുന്നത്‌.

വൈ.എം.സി.എ റോഡില്‍ നിന്ന്‌
ബാങ്ക്‌ റോഡിലേക്കുള്ള
കുറുക്കു വഴിയിലെ
പൂച്ചക്കൂട്ടങ്ങള്‍
എന്നെ നോക്കി മാത്രം
ഏങ്ങിക്കരയുന്നത്‌...

എന്തിനാണ്‌
കിഡ്‌സണ്‍ കോര്‍ണറില്‍ വെച്ച്‌
എസ്‌.കെ. പൊറ്റെക്കാട്ടിന്റെ പ്രതിമ
എന്റെ ദേശത്തിന്റെ കഥ ചോദിച്ചത്‌...

മാനാഞ്ചിറ മൈതാനത്ത്‌്‌
ചുമ്മാ കാറ്റു കൊണ്ടിരിക്കുമ്പോള്‍
എന്നെ തേടി
ഏറ്റുമുട്ടാതെ കൊല്ലാന്‍
പോലീസുകാര്‍ വരുമെന്ന്‌
ഞാനിങ്ങനെ ഭയപ്പെടുന്നത്‌...

പട്ടാളപ്പള്ളിയിലേക്ക്‌
കയറാനൊരുങ്ങുമ്പോള്‍
തലയോട്ടിയില്‍വെടിയുണ്ട തപ്പുന്നത്‌....

ഇവിടെ എന്നെ
ആര്‍ക്കും വേണ്ടായിരിക്കും

അല്ലെങ്കില്‍പിന്നെ എന്തിനാണ്‌
വെറുതെ നടക്കുന്ന എന്നെ
ഭീകരനെന്ന്‌ വിളിക്കുന്നത്‌...

Saturday, October 3, 2009


കാരുണ്യമഴ വര്‍ഷിക്കട്ടെ! ജയിക്കുക, ഹൃദയകാരുണ്യമേ, വാഴുക നിത്യം!

”ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക; എങ്കില്‍ വാനത്തുള്ള ദൈവം നിങ്ങളോടും കരുണ കാണിക്കു”മെന്ന് വിശുദ്ധ നബി(സ) അരുളി. തന്റെ അകിടിലെ അമ്മിഞ്ഞ നുകരാന്‍ ആട്ടിന്‍കുട്ടികള്‍ ഓടിയണയുമ്പോള്‍ തള്ളയാട് കാലുയര്‍ത്തിപ്പിടിക്കുന്നതുപോലും ദൈവത്തിന്റെ കാരുണ്യമാണ് കാട്ടിത്തരുന്നതെന്ന് അവിടുന്ന് മൊഴിഞ്ഞു. അയല്‍വാസി പട്ടിണികിടക്കുമ്പോള്‍ വയറ് നിറയെ ആഹരിക്കുന്നവനെ തള്ളിപ്പറയുന്ന പ്രവാചകവചനം പ്രസിദ്ധമാണ്.മനുഷ്യന്‍ പ്രകൃതിയിലെ ദൈവകാരുണ്യം ദര്‍ശിക്കണം. ഭൂമുഖത്തെ മൃഗങ്ങളും ഇരുചിറകിന്മേല്‍ പറന്നുപോകുന്ന പക്ഷികളും ‘നിങ്ങളെപ്പോലെയുള്ള സമുദായങ്ങള്‍’ ആണെന്ന ഖുര്‍ആന്‍ വചനം ഇന്നത്തെ പരിസ്ഥിതിനാശത്തിന്റെ പരിതസ്ഥിതിയില്‍ പ്രത്യേകം ചിന്തനീയമാണ്.

നല്‍കേണ്ട കാരുണ്യം നിഷേധിക്കപ്പെടുന്നത് സമകാലിക ജീവിതത്തിന്റെ വിവിധ മേഖലകളില്‍ അസ്വാരസ്യങ്ങളും അസ്വാസ്ഥ്യങ്ങളും സൃഷ്ടിക്കുന്നു. അത് കടുത്ത നീതിനിഷേധങ്ങള്‍ക്കും വഴിവെയ്ക്കുന്നു. സ്നേഹശൂന്യതയുടെ സമകാലിക ഭീകരതയില്‍ മക്കള്‍ സ്വന്തം മാതാപിതാക്കളെ ചവിട്ടിപ്പുറത്താക്കുന്നു. കുഞ്ഞുങ്ങള്‍ മുതിര്‍ന്നവരുടെ അതിക്രമങ്ങള്‍ക്കിരയാകുന്നു.

മാനവന്റെ കാരുണ്യം അവന്റെ നെഞ്ചിലെ ഹൃദയം തന്നെയാകുന്നു. കരുണയില്ലാത്തവന് ഹൃദയമില്ല. കാരുണ്യമില്ലെങ്കില്‍ ഈ ഭൂമി മരുപ്പറമ്പായി മാറും. അതുകൊണ്ട് എവിടെയും എപ്പോഴും ദൈവം കല്പിച്ചപോലെ കാരുണ്യമഴ വര്‍ഷിക്കട്ടെ! ജയിക്കുക, ഹൃദയകാരുണ്യമേ, വാഴുക നിത്യം!

അബ്ദുസ്സമദ്‌ സമദാനി

കടപ്പാട്‌: മാതൃഭൂമി