എന്റെ തലക്ക് പ്‌രാന്താകുന്നു
കൊടും പാതിരക്ക്
മാവൂര്‍ റോഡിലൂടെ
നിലാവു കൊണ്ട് നടക്കുമ്പോള്‍
വെറുതെ ചിരിക്കുന്നത്; കരയുന്നത്...
എന്തിനാണാവോ
ഓഫ് ഡേ വൈകുന്നേരങ്ങളില്‍
ബീച്ചില്‍ പോകുമ്പോള്‍
നായകള്‍ വന്ന്
എന്റെ മുഖത്തു നോക്കി മാത്രം
കുരയ്‌ക്കുന്നത്.
വൈ.എം.സി.എ റോഡില്‍ നിന്ന്
ബാങ്ക് റോഡിലേക്കുള്ള
കുറുക്കു വഴിയിലെ
പൂച്ചക്കൂട്ടങ്ങള്‍
എന്നെ നോക്കി മാത്രം
ഏങ്ങിക്കരയുന്നത്...
എന്തിനാണ്
കിഡ്‌സണ്‍ കോര്‍ണറില്‍ വെച്ച്
എസ്.കെ. പൊറ്റെക്കാട്ടിന്റെ പ്രതിമ
എന്റെ ദേശത്തിന്റെ കഥ ചോദിച്ചത്...
മാനാഞ്ചിറ മൈതാനത്ത്‌്
ചുമ്മാ കാറ്റു കൊണ്ടിരിക്കുമ്പോള്‍
എന്നെ തേടി
ഏറ്റുമുട്ടാതെ കൊല്ലാന്‍
പോലീസുകാര്‍ വരുമെന്ന്
ഞാനിങ്ങനെ ഭയപ്പെടുന്നത്...
പട്ടാളപ്പള്ളിയിലേക്ക്
കയറാനൊരുങ്ങുമ്പോള്‍
തലയോട്ടിയില്‍വെടിയുണ്ട തപ്പുന്നത്....
ഇവിടെ എന്നെ
ആര്‍ക്കും വേണ്ടായിരിക്കും
അല്ലെങ്കില്‍പിന്നെ എന്തിനാണ്
വെറുതെ നടക്കുന്ന എന്നെ
ഭീകരനെന്ന് വിളിക്കുന്നത്...